തിരുവനന്തപുരം: യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നീക്കത്തിന് മറുപടിയുമായി തിരുവനന്തപുരം മേയർ വി.വി.രാജേഷ്. കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് അവിശ്വാസ പ്രമേയത്തിന് പിന്നിലെന്നും കേരളത്തിലും ഇന്ത്യാമുന്നണി യാഥാർത്ഥ്യമാകുന്നതിന്റെ സൂചനയാണിതെന്നും മേയർ പരിഹസിച്ചു.
പ്രതിപക്ഷത്തിന്റെ എല്ലാ രാഷ്ട്രീയ നീക്കങ്ങളെയും നേരിടാൻ ബിജെപി സജ്ജമാണെന്നും തിങ്കളാഴ്ച കോർപറേഷൻ ജനറൽ കൗൺസിൽ യോഗം ചേരുമെന്നും മേയർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കോൺഗ്രസ് നേതാവ് ശബരിനാഥ് ആന്തൂറിയം പൂവുമായി മഴയത്ത് നിൽക്കുകയാണ്. സിപിഎം നേതാവായ എസ്.പി. ദീപക്ക് അവലോസുണ്ട നൽകുന്നില്ല.
ജില്ലാ സെക്രട്ടറി വി. ജോയി പിന്നിൽ നിന്ന് പിടിക്കുകയാണ്. എത്രയും വേഗം അവരുടെ പ്ലാൻ എന്താണെന്ന് പറഞ്ഞാൽ നമുക്ക് മുന്നോട്ടുപോകാമായിരുന്നു. ആകെയുള്ള 101 സീറ്റുകളിൽ 50 സീറ്റുകൾ നേടിയാണ് ബിജെപി കോർപറേഷനിൽ അധികാരത്തിൽ വന്നത്.
അവിശ്വാസ പ്രമേയം ഉൾപ്പെടെയുള്ള എല്ലാ നീക്കങ്ങളെയും മുന്നിൽ കണ്ടാണ് ഭരണം തുടങ്ങിയത്. സിപിഎം നേതാക്കളാണ് കോർപറേഷന്റെ പല സ്വത്തുക്കളും നിലവിൽ കൈകാര്യം ചെയ്യുന്നത്. അതിൽ നിന്നുള്ള വരുമാനം അവർ സ്വന്തമാക്കുകയാണെന്നും രാജേഷ് ആരോപിച്ചു. ശബരിനാഥ് പ്രതിപക്ഷ നേതാവായത് കൊണ്ടല്ല അവരുടെ സംഘടനക്ക് കോർപറേഷനിൽ കൊടിവയ്ക്കാൻ പറ്റിയത്.
മേയറുടെ ഔദാര്യം കൊണ്ടാണ്. പ്രതിപക്ഷത്തിന്റെ അവിശ്വാസ നീക്കങ്ങളെ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. കോർപറേഷൻ ഭരണസമിതിയോട് ജീവനക്കാർ ചരിത്രത്തിലാദ്യമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും മൂന്ന് വർഷം കഴിയുമ്പോൾ മാനദണ്ഡപ്രകാരമുള്ള സ്ഥലമാറ്റങ്ങൾ ഉണ്ടാകുമെന്നും മേയർ കൂട്ടിച്ചേർത്തു.